സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനവിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് പണിമുടക്ക്. സംയുക്ത സമര സമിതിയാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയായിലെത്തിയിരുന്നില്ല. ചർച്ചയ്ക്കു പിന്നാലെ ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നു പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ചയ്ക്കു മുൻപ് ചർച്ച ചെയ്യാമെന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നതിൽ ഗതാഗത സെക്രട്ടറി വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ് ഉടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.